Endearingly known as ‘Holy Mother’, Sri Sarada Devi, the spiritual consort of ശ്രീരാമകൃഷ്ണൻ, was born on 22 December 1853 in a poor Brahmin family in Jayrambati, a village adjoining Kamarpukur in West Bengal. Her father, Ramachandra Mukhopadhyay, was a pious and kind-hearted person, and her mother, Shyama Sundari Devi, was a loving and hard-working woman.
വിവാഹം
കുട്ടിക്കാലത്തുതന്നെ ശാരദ ഈശ്വരഭക്തയായിരുന്നു. തന്റെ ഇളയ സഹോദരങ്ങളെ പരിപാലിക്കുക, കന്നുകാലികളെ പരിപാലിക്കുക, പാടത്ത് ജോലി ചെയ്യുന്ന അച്ഛനും മറ്റുള്ളവർക്കുംവേണ്ടി ഭക്ഷണം കൊണ്ടുപോകുക തുടങ്ങിയ വിവിധജോലികളിൽ അമ്മയെ സഹായിക്കാൻ ശാരദ തന്റെ സമയമേറെയും ചെലവഴിച്ചു. ദേവിക്ക് ഔപചാരികവിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും ബംഗാളി അക്ഷരമാല സ്വയം പഠിക്കാൻ കഴിഞ്ഞു. അക്കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന ആചാരമനുസരിച്ച്, ആറു വയസ്സുള്ളപ്പോൾ ശാരദ ശ്രീരാമകൃഷ്ണനെ വിവാഹം കഴിച്ചു. എന്നിരുന്നാലും, വിവാഹത്തിനുശേഷം ദേവി മാതാപിതാക്കൾക്കൊപ്പംതന്നെ തുടർന്നു; ശ്രീരാമകൃഷ്ണനാണെങ്കിൽ ദക്ഷിണേശ്വരത്ത് ഈശ്വരാനന്ദലഹരിയിലുമായിരുന്നു
ദക്ഷിണേശ്വരം സന്ദർശിക്കുന്നു
ശാരദ തന്റെ പതിനെട്ടാം വയസ്സിൽ ഭർത്താവിനെ കാണാൻ ദക്ഷിണേശ്വരത്തേക്കു കാൽനടയായി യാത്രചെയ്തു. പന്ത്രണ്ടു വർഷത്തിലേറെയായി നിരവധി ആത്മീയസാധനകളിൽ മുഴുകി യിരുന്ന ശ്രീരാമകൃഷ്ണൻ, എല്ലാ ജീവജാലങ്ങളിലും ദൈവത്തെ കണ്ട ഏറ്റവും ഉയർന്ന സാക്ഷാത്കാരത്തിലെത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹം ശാരദാദേവിയെ വളരെ വാത്സല്യത്തോടെ സ്വീകരി ക്കുകയും തന്നോടൊപ്പം താമസിക്കാൻ അനുവദിക്കുകയും ചെയ്തു. ഒരു ഗൃഹസ്ഥയുടെ ജോലികൾ നിർവഹിക്കുമ്പോൾത്തന്നെ എങ്ങനെ ആത്മീയജീവിതം നയിക്കാമെന്ന് അദ്ദേഹം ദേവിയെ പഠിപ്പിച്ചു. അവർ രണ്ടു പേരും തികച്ചും ശുദ്ധമായ ജീവിതം നയിച്ചു. അർപ്പണബോധമുള്ള ഭാര്യയായും ശിഷ്യയായും ശരദാദേവി ശ്രീരാമകൃഷ്ണനെ സേവിച്ചു. അതെ സമയംതന്നെ അവർ ബ്രഹ്മചാരിണിയായും ആത്മീയചാര്യകളിൽ ഉറച്ച ജീവിതരീതിയോടെയും കഴിഞ്ഞു.
ദക്ഷിണേശ്വരത്തെ ജീവിതം
പ്രപഞ്ചത്തിന്റെയാകെ ദിവ്യമാതാവിന്റെ പ്രത്യേക ആവിഷ്കാരമായാണ് ശ്രീരാമകൃഷ്ണൻ ശാരദാദേവിയെ കണ്ടത്. 1872-ൽ ഫലഹാരിണീകാളിപൂജയുടെ രാത്രിയിൽ, അദ്ദേഹം ശാരദാദേവിയെ ആചാരപരമായി ദിവ്യമാതാവായി ആരാധിക്കുകയും അതുവഴി അവരിൽ ഗുപ്തമായിരുന്ന വിശ്വമാതൃഭാവം ഉണർത്തുകയും ചെയ്തു. ശ്രീരാമകൃഷ്ണന്റെ ശിഷ്യന്മാർ ഒത്തുകൂടാൻ തുടങ്ങിയപ്പോൾ, ശാരദാദേവി അവരെ സ്വന്തം മക്കളായി കണ്ടു. ദേവി ദക്ഷിണേശ്വരത്തു താമസിച്ചിരുന്ന മുറി താമസിക്കാൻ കഴിയാത്തത്ര ചെറുതും സൗകര്യങ്ങളില്ലാത്തതുമായിരുന്നു; പല ദിവസങ്ങളിലും ശ്രീരാമകൃഷ്ണനെ കാണാനുള്ള അവസരവും അവർക്കു ലഭിച്ചില്ല. എന്നാൽ ദേവി എല്ലാ പ്രയാസങ്ങളും നിശബ്ദമായി സഹിക്കുകയും, അനുദിനം വലുതായിവരുന്ന ശ്രീരാമകൃഷ്ണഭക്തസംഘത്തെ സേവിച്ചുകൊണ്ട്, സംതൃപ്തിയിലും സമാധാനത്തിലും ജീവിക്കുകയും ചെയ്തു.
ഭഗവാൻ ശ്രീരാമകൃഷ്ണന്റെ ആരാധന
ശ്രീരാമകൃഷ്ണൻന്റെ പത്തൊൻപത് വയസ്സുള്ള ഭാര്യ ശാരദ 1872-ൽ ശ്രീരാമകൃഷ്ണനെ കാണാൻ ഗ്രാമത്തിൽനിന്ന് വന്നു. ശ്രീരാമകൃഷ്ണൻ അവരെ ഹൃദ്യമായി സ്വീകരിക്കുകയും, ഒരു സഹധർമ്മിണിയുടെ ജോലികൾ നിർവ്വഹിച്ചുകൊണ്ടുതന്നെ എങ്ങനെ തീവ്രമായ ആത്മീയസാധനകളിൽ ഏർപ്പെടാമെന്ന് അവരെ പഠിപ്പിക്കുകയും ചെയ്‌തു. ഒരു രാത്രി അദ്ദേഹം ദക്ഷിണേശ്വരക്ഷേത്രപരിസരത്തെ തന്റെ മുറിയിൽവെച്ച് ശാരദയെ ദിവ്യമാതാവായി പൂജിച്ചു. ശാരദ അദ്ദേഹത്തോടൊപ്പം താമസം തുടർന്നെങ്കിലും, അവർ രണ്ടു പേരും തികച്ചും ശുദ്ധമായ ജീവിതം നയിച്ചു; അവരുടെ ദാമ്പത്യബന്ധം പൂർണ്ണമായും ആത്മീയമായിരുന്നു. ശ്രീരാമകൃഷ്ണൻ ഇതിനിടെ സന്ന്യാസവ്രതം സ്വീകരിച്ചിരുന്നുവെന്നും സന്ന്യാസധർമ്മം അദ്ദേഹം പൂർണ്ണമായി പാലിച്ചിരുന്നുവെന്നും ഇവിടെ പ്രത്യേകം പറയേണ്ട കാര്യമാണ്. ബാഹ്യമായി അദ്ദേഹം താഴ്മയും സ്നേഹവും ബാലസമാനമായ സാരള്യവുമുള്ള ഗ്രാമീണനെപ്പോലെയാണ് ജീവിച്ചത്. ശ്രീരാമകൃഷ്ണൻ ദക്ഷിണേശ്വരത്തെ താമസത്തിന്റെ ആദ്യഘട്ടത്തിൽ റാണി റാസ്‌മാനി അദ്ദേഹത്തിന്റെ രക്ഷാധികാരിയായി പ്രവർത്തിച്ചു. അവരുടെ മരണശേഷം മരുമകൻ മാഥുർ നാഥ് ബിശ്വാസ് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു.
ഗുരുദേവന്റെ മഹാസമാധിക്ക് ശേഷം സംഘത്തെ നയിക്കുന്നു
1886-ൽ ശ്രീരാമകൃഷ്ണൻ മഹാസമാധിയായതിനുശേഷം, ശാരദാദേവി ഏതാനും മാസങ്ങൾ തീർത്ഥാടനത്തിനായി ചെലവഴിച്ചു. തുടർന്ന് ദേവി കാമാർപുക്കൂറിലേക്കു പോയി. അവിടെ കൊടിയ ദാരിദ്ര്യത്തിൽ ദിവസങ്ങൾ കഴിച്ചു. ഇതറിഞ്ഞ ശ്രീരാമകൃഷ്ണശിഷ്യന്മാർ ദേവിയെ കൊൽക്കത്തയിലേക്ക് കൊണ്ടുവന്നു. ഇത് ദേവിയുടെ ജീവിതത്തിൽ വഴിത്തിരിവായി. ദേവി ആത്മീയാന്വേഷകരെ ശിഷ്യരായി സ്വീകരിക്കുകയും നൂറുകണക്കിനാളുകൾക്ക് അമർത്യതയിലേക്കുള്ള തുറന്ന വാതിലായിത്തീരുകയും ചെയ്തു. അതിരില്ലാത്ത സ്നേഹവും സഹാനുഭൂതിയുമുള്ള ദേവിയുടെ വിശ്വമാതൃഹൃദയം പാപജീവിതം നയിച്ച അനേകർ ഉൾപ്പെടെ എല്ലാവരേയും വിവേചനം കൂടാതെ സ്വീകരിച്ചു.
സ്വാമി വിവേകാനന്ദന്റെ പാശ്ചാത്യശിഷ്യകൾ കൊൽക്കത്തയിലെത്തിയപ്പോൾ, അക്കാലത്തെ യാഥാസ്ഥിതികസമൂഹത്തിന്റെ നിയന്ത്രണങ്ങൾ അവഗണിച്ചുകൊണ്ട് മാതൃദേവി അവരെ സ്വന്തം മക്കളെയെന്നപോലെ സ്വീകരിച്ചു. ആധുനികവിദ്യാഭ്യാസത്തിനു വിലക്കുണ്ടായിരുന്ന യാഥാസ്ഥിതികമായ ഗ്രാമീണസമൂഹത്തിലാണ് വളർന്നുവന്നതെങ്കിലും മാതൃദേവി പുരോഗമനപരമായ കാഴ്ചപ്പാടുകൾ പുലർത്തിയിരുന്നു. ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുന്നതിനും സാധാരണജനങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനുമായുള്ള സ്വാമി വിവേകാനന്ദന്റെ പദ്ധതികൾ ദേവി പൂർണ്ണഹൃദയത്തോടെ പിന്തുണച്ചു. സിസ്റ്റർ നിവേദിത ആരംഭിച്ച പെൺകുട്ടികൾക്കുള്ള സ്കൂളുമായി ദേവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
ദേവി കൊൽക്കത്തയിലും ജന്മദേശമായ ജയരാംവാടിയിലുമായി ജീവിതം ചെലവഴിച്ചു. കൊൽക്കത്തയിൽ താമസിച്ച ആദ്യവർഷങ്ങളിൽ ശ്രീരാമകൃഷ്ണശിഷ്യനായ സ്വാമി യോഗാനന്ദനാണ് ദേവിയുടെ ആവശ്യങ്ങൾ നോക്കിയിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ശ്രീരാമകൃഷ്ണന്റെ മറ്റൊരു ശിഷ്യനായ സ്വാമി ശരദാനന്ദൻ ദേവിയുടെ ആവശ്യങ്ങൾ നിറവേറ്റുകയും കൊൽക്കത്തയിൽ ദേവിക്കായി ഒരു പുതിയ വീട് പണിയുകയും ചെയ്തു.
ലാളിത്യവും സഹനശക്തിയും
തന്റെ ആത്മീയപദവിയാൽ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നുവെങ്കിലും, അക്ഷരാർത്ഥത്തിൽ ജഗദംബയായി ആരാധിക്കപ്പെട്ടിരുന്നുവെങ്കിലും, തുണിയലക്കുകയും മുറി വൃത്തിയാക്കുകയും കുളത്തിൽനിന്നു വെള്ളം കൊണ്ടുവരുകയും പച്ചക്കറി മുറിക്കുകയും പാചകം ചെയ്യുകയും ഊട്ടുകയും മറ്റും ചെയ്യുന്ന ഒരു സരളയായ ഗ്രാമീണമാതാവിനെപ്പോലെ ദേവി ജീവിച്ചു. ജയരാംവാടിയിൽ സഹോദരങ്ങളോടും സഹോദരകുടുംബങ്ങളോടും ഒപ്പമാണ് ദേവി കഴിഞ്ഞിരുന്നത് . അവർ ദേവിക്ക് അറ്റമില്ലാത്ത കഷ്ടതകൾ നൽകി. പക്ഷേ, ഈശ്വരീയബോധത്തിലും ദിവ്യമാതൃഭാവത്തിലുമായിരുന്ന ദേവി എല്ലായ്പ്പോഴും ശാന്തയായും ആത്മനിഷ്ഠയായും കഴിയുകയും, തന്റെയടുക്കലെത്തിയ എല്ലാവർക്കും അനുഗ്രഹവും സ്നേഹവും പകർന്നുനല്കുകയും ചെയ്തു . സിസ്റ്റർ നിവേദിത പറഞ്ഞതുപോലെ, “ശാരദാദേവിയുടെ ജീവിതം പ്രാർത്ഥനയുടെ സുദീർഘമായ നിശ്ശബ്ദതയായിരുന്നു.”
എല്ലാവരുടെയും അമ്മ
മനുഷ്യരാശിയുടെ ചരിത്രത്തിൽ, മൃഗങ്ങളും പക്ഷികളും ഉൾപ്പെടെ എല്ലാ ജീവജാലങ്ങളുടെയും മാതാവായി തന്നത്താൻ കാണുകയും, അറ്റമില്ലാത്ത ത്യാഗവും സ്വാർത്ഥത്യാഗവും കൈക്കൊണ്ടുകൊണ്ട് ജീവിതകാലം മുഴുവൻ അവരെ മക്കളായി സേവിക്കുകയും ചെയ്ത മറ്റൊരു സ്ത്രീ ഉണ്ടായിട്ടില്ല. ഭൂമിയിൽ ശ്രീരാമകൃഷ്ണദൗത്യത്തിലെ സ്വന്തം ഭാഗത്തെപ്പറ്റി ശാരദാദേവി ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മകനേ, ശ്രീരാമകൃഷ്ണൻ എല്ലാ ജീവികളെയും ജഗദംബയുടെ ആവിഷ്കാരങ്ങളായി കണ്ടു. ഈശ്വരന്റെ ദിവ്യമാതൃത്വം പ്രകടമാക്കാനാണ് അദ്ദേഹം എന്നെ ഇവിടെ വിട്ടു പോയത്. ”
ആദർശവനിത
ശാരദാദേവിയുടെ അപങ്കിലമായ വിശുദ്ധി, അസാധാരണമായ സഹനശക്തി, നിസ്വാർത്ഥസേവനം, നിരുപാധികസ്നേഹം, വിവേകവും ഈശ്വരസാക്ഷാത്കാരവും എന്നിവ കാരണം സ്വാമി വിവേകാനന്ദൻ ശാരദാദേവിയെ ആധുനികയുഗത്തിലെ സ്ത്രീകളുടെ ആദർശമായി കണക്കാക്കി. മാതൃദേവിയുടെ വരവോടെ, ആധുനികകാലത്ത് സ്ത്രീകളുടെ ആത്മീയമായ ഉണർവ്വ് ആരംഭിച്ചതായി അദ്ദേഹം വിശ്വസിച്ചു.
അവസാനദിവസങ്ങൾ
നിരന്തരമായ ശാരീരികജോലിയുടെയും സ്വാർത്ഥത്യാഗത്തിന്റെയും, ആവർത്തിച്ചുള്ള മലേറിയാബാധയുടെയും ആഘാതത്താൽ, ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ ദേവിയുടെ ആരോഗ്യം മോശമായി. 1920 ജൂലൈ 21-ന് അവർ ഭൗതികലോകം വിട്ടു.
Holy Mother
Sayings…
ദൈവം നമ്മുടെ സ്വന്തമാണ്. അത് ശാശ്വതബന്ധമാണ്.
കാറ്റ് മേഘത്തെ നീക്കം ചെയ്യുന്നതുപോലെ, ദൈവനാമം ലൗകികതയുടെ മേഘത്തെ നശിപ്പിക്കുന്നു.
സാധാരണമനുഷ്യസ്നേഹം ദുരിതത്തിന് കാരണമാകുന്നു. ദൈവത്തോടുള്ള സ്നേഹം അനുഗ്രഹം നൽകുന്നു.
പ്രാർത്ഥന ശീലമാക്കുന്നവൻ എല്ലാ പ്രതിസന്ധികളെയും എളുപ്പത്തിൽ തരണം ചെയ്യും.
എന്റെ കുട്ടി, ഈ മനുഷ്യജന്മം ലഭിച്ചതിൽ നീ വളരെ ഭാഗ്യവാനാണ്. ദൈവത്തോട് തീവ്രമായ ഭക്തി പുലർത്തുക. കഠിനാധ്വാനം ചെയ്യണം. പരിശ്രമമില്ലാതെ ഒരാൾക്ക് എന്തെങ്കിലും നേടാൻ കഴിയുമോ? തിരക്കുകൾക്കിടയിലും പ്രാർത്ഥനയ്ക്കായി കുറച്ച് സമയം ചെലവഴിക്കണം.
ഗുരുദേവന്റെ (ശ്രീരാമകൃഷ്ണന്റെ) ജോലി ചെയ്യുക, അതോടൊപ്പം അദ്ധ്യാത്മസാധനയും ചെയ്യുക. അലസചിന്തകൾ ഒഴിവാക്കാൻ ജോലി സഹായിക്കുന്നു. വെറുതെയിരുന്നാൽ അത്തരം ചിന്തകൾ മനസ്സിലേക്ക് തള്ളിക്കയറുന്നു.
- Sri Sarada Devi Jeevacharitram- Malayalam | Buy
- Swami Gambhirananda, Sri Ma Sarada Devi, Chennai: Sri Ramakrishna Math | Buy
- Compilation, The Gospel of Holy Mother, Chennai: Sri Ramakrishna Math | Buy